ശുഭവാര്‍ത്ത; ടാറ്റയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു

എയര്‍ടെലിന്റെയും ജിയോയുടെയും അമിതമായ ചാര്‍ജ് വര്‍ധനയില്‍ പൊറുതിമുട്ടിയ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഒരു ശുഭവാര്‍ത്ത. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്) ബി.എസ്.എന്‍.എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എയര്‍ടെലും ജിയോയും ഉള്‍പ്പെടെ തങ്ങളുടെ റീചാര്‍ജ് പ്ലാന്‍ ഈയിടെ വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ 5ജിയിലും 4ജിയിലും പരിധിയില്ലാത്ത നെറ്റ്വര്‍ക് ആഗ്രഹിക്കുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ തടസമാണ്. ഇവിടെക്കാണ് ഇപ്പോള്‍ ടാറ്റ എത്തുന്നത്.

ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ടാറ്റ-ബിഎസ്എന്‍എല്‍ സഹകരണത്തിലൂടെ പദ്ധതിയിടുന്നത്. ബിഎസ്എന്‍എലിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം വര്‍ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം.നിലവില്‍ ജിയോയും എയര്‍ടെലും നയിക്കുന്ന 4ജി വിപണിക്ക് ഒത്തൊരു എതിരാളിയായി ടാറ്റയും ബിഎസ്എന്‍എലും എത്താന്‍ സാധ്യതയുണ്ട്. ജിയോ, എയര്‍ടെല്‍ എന്നിവയുടെ പുതിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വന്നു. വിയും(വോഡഫോണ്‍ ഐഡിയ) സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ജിയോയാണ് ഏറ്റവുമധികം നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 12% മുതല്‍ 25% വരെയാണ് വര്‍ധന. എയര്‍ടെല്‍ 11%-21% എന്ന തോതിലും, വോഡഫോണ്‍ ഐഡിയ 10%-21% എന്ന നിലയിലുമാണ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള നാല് മേഖലകളില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുകയാണ് ടാറ്റ. രാജ്യത്തിന്റെ 4ജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനത്തിന് പിന്തുണ നല്‍കനാണിത്. ബിഎസ്എന്‍എല്ലിന്റെ 4G സേവനങ്ങള്‍ നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ലഭ്യമാകൂ. 9,000 ടവറുകള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട് ഇത് ഒരു ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ നയത്തിന് അനുസൃതമായി പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ആഗസ്ത് മുതല്‍ രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അടുത്തിടെ അറിയിച്ചിരുന്നു.

About The Author