കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു
ബുധനാഴ്ച അർധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി നാശങ്ങളുണ്ടായി. കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി ചുങ്കത്തും കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ വാരത്തുമാണ് റോഡിന് കുറുകെ മരം കടപുഴകിയത്. ഇതേത്തുടർന്ന് രണ്ടിടത്തും ഗതാഗതം സ്തംഭിച്ചു. വാരത്ത് ഒരുമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ബുധനാഴ്ച രാത്രി 12-നുശേഷമാണ് സംഭവങ്ങൾ.
പയ്യാമ്പലമുൾപ്പെടെ കണ്ണൂർ നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ പലയിടങ്ങളിലായി മരങ്ങൾ നിലംപൊത്തിയിട്ടുണ്ട്. തെക്കിബസാറിൽ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് പറന്ന് അടുത്ത് നിർത്തിയിട്ട സ്വകാര്യബസിന് മുകളിലേക്ക് വീണു. പൂവ്വത്തൂരിൽ വൈദ്യുതലൈനിന് മുകളിൽ മരം വീണു. കൂടാളി മേഖലയിലും വൈദ്യുത ലൈനുകളിൽ തകരാർ സംഭവിച്ചിട്ടുണ്ട്. വാരത്ത് കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും പാപ്പിനിശ്ശേരിയിൽ തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേനയുമെത്തി മരം നീക്കുന്ന പ്രവൃത്തി രാത്രി വൈകുവോളം തുടർന്നു. നാട്ടുകാരും ഗതാഗതതടസ്സം നീക്കാൻ സഹകരിച്ചു.
അതേ സമയം ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണത് കാരണം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തടസ്സം നേരിട്ടിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പൊതുജനങ്ങൾ സുരക്ഷ പാലിക്കണമെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.