ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്‌ത്രയ്ക്കെതിരെ കേസ്

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്. ഡൽഹി പൊലീസാണ് വനിതാ കമ്മിഷന്‍ നൽകിയ പരാതിയിൽ കേസെടുത്തത്.

വ്യാഴാഴ്ചയായിരുന്നു മഹുവയുടെ വിവാദ ട്വീറ്റ് ഉണ്ടായത്. ഹാഥ്റസ് ദുരന്തപ്രദേശം സന്ദർശിക്കാനായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ എത്തിയ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു മഹുവയുടെ വിമർശനം. വീഡിയോയില്‍ രേഖയ്ക്ക് അവരുടെ പിന്നിൽ നിൽക്കുന്ന വ്യക്തി കുടപിടിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതിനെയടക്കമാണ് മഹുവ വിമർശിച്ചത്.

കേസെടുത്തതിന് പിന്നാലെ മഹുവ തന്നെ എക്‌സിൽ മറുപടിയും നൽകി. ‘മൂന്ന് ദിവസത്തിനുള്ളിൽ എന്നെ അറസ്റ്റ് ചെയ്യാനാണ് പ്ലാനെങ്കിൽ ഞാൻ നാദിയയിലുണ്ടെന്നും ഞാൻ സ്വന്തമായി കുട പിടിച്ചോളാ’മെന്നുമായിരുന്നു മഹുവയുടെ മറുപടി.

അതേസമയം, ഹാഥ്റസിലെ മരണങ്ങൾ അപകടമല്ല ഗൂഢാലോചനയെന്ന് ആൾദൈവം ഭോലേ ബാബ എന്ന സൂരജ് പാലിന്റെ അഭിഭാഷകൻ പറഞ്ഞു. 121 പേരുടെ മരണത്തിന് ഇടയാക്കിയ, ജൂലൈ രണ്ടിലെ സത്‍സംഗിൽ മുഖം മറച്ച 15ഓ 16ഓ ആളുകൾ ഉണ്ടായിരുന്നു. ഇവ‍ർ ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്ത് കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് അഭിഭാഷകൻ എ പി സിങ്ങിന്റെ വാദം.

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഇത് അപകടമല്ല, കൊലപാതകമാണെന്നാണ് ഇയാളുടെ വാദം.

About The Author