അമീബിക് മസ്തിഷ്‌ക ജ്വരം; വിദേശത്തുനിന്ന് മരുന്നെത്തിക്കും
അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് മരുന്നെത്തിക്കും. ജര്‍മനിയില്‍ നിന്നാണ് ജീവന്‍ രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡോക്ടര്‍ ഷംസീര്‍ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും.
കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരും ദിവസങ്ങളിലുമെത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉടനടി മരുന്ന് എത്തിക്കാനുള്ള തീരുമാനം.
എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത സുഷിരങ്ങള്‍ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.