രാമന്തളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിയ നിലയിൽ
പയ്യന്നൂര്‍ രാമന്തളി കുന്നരു കാരന്താട്ടില്‍ നിർത്തിയിട്ട കാർ അഗ്നിക്കിരയായി. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഉടമസ്ഥതയിലുള്ള ഫോർച്യൂൺ കാറാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. ദിജിൻ്റെ അമ്മാവൻ അശോകൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിൽ കഴിഞ്ഞ ദിവസം കാർ നിർത്തിയിട്ടതായിരുന്നു.
പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. സ്വന്തം വീട്ടിലേക്ക് കാര്‍ പോകാത്തതിനാൽ അമ്മാവൻ്റെ വീടിന് മുന്നിലെ റോഡരികില്‍ പതിവുപോലെ നിര്‍ത്തിയിട്ടതായിരുന്നു. കഴിഞ്ഞ ദിവസം കാര്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാന്‍ സാധ്യതയില്ലായെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ കാര്‍ കത്തുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പയ്യന്നൂർ ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണക്കുമ്പോഴെക്കും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. കാർ ഉടമ പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.