ഉരുള്‍പൊട്ടല്‍; മരിച്ച 10 പേരെ തിരിച്ചറിഞ്ഞു
വയനാട്: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഇതില്‍ 10 പേരെ തിരിച്ചറിഞ്ഞു. റംലത്ത്(53), അഷ്റഫ്(49), കുഞ്ഞിമൊയ്തീന്‍(65), ലെനിന്, വിജീഷ് (37), സുമേഷ്(35), സലാം(39) ശ്രേയ(19) പ്രേമലീല, റെജീന എന്നിവരാണ് മരിച്ചത്. അതേസമയം കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിംഗ് സാധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകൾ തിരികെപ്പോയി. ഹെലികോപ്റ്ററുകൾ തിരികെ കോഴിക്കോട്ടേയ്ക്ക് പോയതോടെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.
നിലവിൽ മുണ്ടക്കൈ, അട്ടമല മേഖലകള്‍ പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടേക്ക് പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെയാണിത്. ഇവിടെ സൈന്യം എത്തിയശേഷം താൽക്കാലിക പാലം നിർമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സൈന്യം ഇതുവരെ എത്തിയിട്ടില്ല. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടി അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ് എൻഡിആർഎഫ് സംഘാംഗങ്ങൾ.