‘ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും, ശബരിമല സീസണാണ് വരുന്നത്’; ആഞ്ഞടിച്ച് മന്ത്രി ഗണേഷ് കുമാര്‍

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കൂടിയാലോചനയില്ലാതെ നികുതി ചുമത്തുന്നതിനെ വിമര്‍ശനവുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ തമിഴ്‌നാട് 4000 രൂപ നികുതി വര്‍ധിപ്പിച്ചെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നറിയിപ്പ് ഇല്ലാതെ നികുതി ഈടാക്കിയാല്‍ തമിഴ്‌നാടിന്റെ വണ്ടി കേരളവും പിടിച്ചിടുമെന്ന് ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും 4000 വാങ്ങിക്കും. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍മിക്കണം. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്നും സഭയില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം നല്‍കുന്നതിന് പദ്ധതി ഉണ്ടാക്കിയിട്ടുണ്ടെന്നും ഉടന്‍ നടപ്പിലാക്കും എന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിജീവനക്കാര്‍ കള്ള് കുടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന സര്‍ക്കാര്‍ അവര്‍ കഞ്ഞി കുടിച്ചോ എന്ന് പരിശോധിക്കണം എന്ന് എം വിന്‍സന്റ് എംഎല്‍എ വിമര്‍ശിച്ചു. ഗതാഗത വകുപ്പിന്റെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കിടെയായിരുന്നു എം വിന്‍സെന്റിന്റെ കുറ്റപ്പെടുത്തല്‍.

കെഎസ്ആര്‍ടിസി യിലെ ശമ്പള പ്രതിസന്ധിയും തൊഴിലാളി സംഘടനകളുടെ സമരങ്ങളും പ്രതിപക്ഷ അംഗങ്ങള്‍ ആയുധമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ കള്ള് കുടിക്കുന്നുണ്ടൊ എന്ന് പരിശോധിക്കുന്ന വകുപ്പ് മന്ത്രി അവര്‍ കഞ്ഞി കൂടിക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം എന്ന് എം വിന്‍സന്റ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഞ്ഞികുടിക്കാനുള്ള വകയുണ്ടാക്കും എന്നും എന്നാല്‍ കള്ള് കുടിച്ച് വണ്ടി ഓടിക്കാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി സഭയില്‍ മറുപടി പറഞ്ഞു. 1200 ബസുകള്‍ ഷെഡില്‍ കിടക്കുന്ന സാഹചര്യത്തില്‍ നിന്നും 600 ആയി കുറച്ചു എന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

About The Author