അയ്യൻകുന്ന് പഞ്ചായത്തിൽ പുലി; വാണിയപ്പാറയിൽ നായയെ കടിച്ചു കൊന്നു

അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ടിൽ പുലി വളർത്തു നായയെ കടിച്ചു കൊന്നു. തോട്ടത്തിൽ സിബിയുടെ വളർത്തു നായയെ ആണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് പുലി ആക്രമിച്ച് കൊന്നത് . ശബ്ദം കേട്ട് വീട്ടുടമസ്ഥൻ വെളിയിൽ വന്നതോടെ പുലി നായയെ ഉപേക്ഷിച്ച് പോകുക ആയിരുന്നു. രണ്ട് ദിവസം മുൻപ് സമീപത്തെ വീട്ടിലെ മറ്റൊരു നായയെയും പുലി കൊന്ന് തിന്നിരുന്നു .

ജനവാസ മേഖലയിൽ തുടച്ചയായി വന്യമൃഗത്തിന്റെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ് . വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വളർത്തുമൃഗങ്ങളെ കൂടുകളിൽ അടച്ചു സംരക്ഷിക്കേണ്ട സ്ഥിതിയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ കൃഷിയിടങ്ങൾ കാട്ടാന ഇറങ്ങി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുലിയുടെ സാന്നിധ്യം കൂടി വനം വകുപ്പ് സ്ഥിരീകരിക്കുന്നത് . വളർത്തുനായയെ കൊന്നത് പുലി തന്നെയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ് . വാണിയപ്പാറ മേഖലയിൽ ഏക്കർ കണക്കിന് വരുന്ന സ്ഥലം ഭൂമാഫിയ കൈക്കലാക്കുകയും യാതൊരു പ്രവർത്തിയും ചെയ്യാത്തത് മൂലം അവയെല്ലാം കാടുകയറി വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്.

ഇവയെല്ലാം മേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ് . കാടുകൾ വെട്ടിത്തെളിക്കാൻ സ്ഥലം ഉടമയോട് പഞ്ചായത്ത് ആവശ്യപ്പെട്ടാലും ചെയ്യുന്നില്ല എന്ന പരാതിയാണ് ഉയരുന്നത് . അയ്യൻകുന്ന്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, വൈസ് പ്രസിഡൻറ് ബീന റോജസ്, സ്ഥിരം സമിതി അംഗങ്ങളായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, മെമ്പർമാരായ സെലീന ബിനോയ്, സജി മച്ചിത്താനി എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.

About The Author