ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ് ​​​ഗ്രേറ്റർ നോയിഡയിൽ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 5 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും കാറ്റിലുമാണ് മതിൽ ഇടിഞ്ഞുവീണത്. കുട്ടികൾ മതിലിനടിയിൽ പെട്ടുപോകുകയായിരുന്നു. നാലുവയസുകാരനായ ആഹദ്, എട്ടുവയസുകാരനായ ആദിൽ, രണ്ടുവയസുകാരിയായ അൽഫിസ എന്നിവരാണ് മരിച്ചത്.

അയിഷ, ഹുസൈൻ, സോഹ്ന, വാസിൽ, സമീർ എന്നീ കുട്ടികളെ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേറ്റർ നോയിഡയിലെ ഖോഡ്‌ന കലാൻ ഗ്രാമത്തിൽ വെള്ളിയാഴ്ച നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിലാണ് ഇടിഞ്ഞുവീണത്.

ഡൽഹിയിലും പരിസരപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഡൽഹിയിലെ സുൽത്താൻബിൽ വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടു കുട്ടികൾ മരിച്ചു. ഡൽഹി വസന്ത വിഹാറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിപ്പോയ മൂന്നു തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ജമ്മുകശ്മീർ ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ്, രാജസ്ഥാൻ ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

About The Author