പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ തയാറാകാതിരുന്ന ബിജെപിയ്‌ക്കെതിരെയാണ് മത്സരം; കൊടിക്കുന്നില്‍ സുരേഷ്

ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യാ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്. കീഴ് വഴക്കങ്ങള്‍ മാനിക്കാതെയുള്ള ബിജെപിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ജയിച്ചില്ലെങ്കിലും മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ തയാറാകാതിരുന്ന ബിജെപിയ്‌ക്കെതിരെയാണ് മത്സരമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു. പ്രതിപക്ഷനേതാവെന്ന സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പ്രതിപക്ഷത്തിന് അര്‍ഹതപ്പെട്ടതാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരുറപ്പ് തരണമെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പ്രതിപക്ഷത്തെ മാനിക്കുന്നില്ലെന്ന സന്ദേശമാണ് അവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തിലും കൃത്യമായി നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതെയാണ് തങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇടപെട്ടുവരുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

ഇന്ത്യാ സഖ്യം സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം മര്യാദകള്‍ പാലിക്കാത്ത ബിജെപിയുടെ ഈ സമീപനത്തിനെതിരെ നില്‍ക്കുന്ന എല്ലാവര്‍ക്കും പിന്തുണയ്ക്കാമെന്നും കൊടിക്കുന്നില്‍ സുരേഷ്  പറഞ്ഞു. ജയിച്ചില്ലെങ്കില്‍ പോലും ശക്തമായ പ്രതിപക്ഷം സഭയിലുണ്ടെന്ന സന്ദേശം നല്‍കാനും കരുത്തറിയിക്കാനുമാണ് മത്സരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

About The Author