നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും; മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും

നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയിൽ വിവിധ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു. കുവൈറ്റ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചായിരുന്നു നാലാമത് ലോക കേരള സഭ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചർച്ചകളും നടന്നു.

മേഖലാ യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകൾ ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നൽകുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചർച്ചയായി. എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ചു നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവാസി മിഷൻ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നുനടക്കും. ചില പ്രധാന പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിരുന്നില്ല. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എംഎ യൂസഫലിയും പങ്കെടുക്കുന്നില്ല. എതിര്‍പ്പല്ല കാരണമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ധൂര്‍ത്ത് ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയില്‍ പ്രതിപക്ഷനേതാവും എംഎല്‍എമാരും പങ്കെടുക്കുന്നില്ല. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോട് കൂടി നാലാം ലോക കേരള സഭയ്ക്ക് സമാപനമാകും.

About The Author