തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം. സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാളാണ് മർദിച്ചത്.
കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി എന്നാണ് വിവരം. ഈ തർക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ മർദിക്കുകയായിരുന്നത്രെ. ഷംജീറിന് ചവിട്ടേക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സ തേടി.
കഴിഞ്ഞ ദിവസം അപസ്മാര രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിയ രോഗിയെ സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. തുടർന്ന് ഈ സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകുകയും ചെയ്തു.