സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം തുടരുകയാണ്. കോസ് വേ വെള്ളത്തിൽ മുങ്ങിയതോടെ പത്തനംതിട്ട പെരുനാട് 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കല്ലാർകുട്ടി, പൊരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണ് മുങ്ങിയത്. ഇതോടെ മേഖല ഒറ്റപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. മൂന്നാറില്‍ ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ എംജി കോളനി നിവാസി കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്.

About The Author

You may have missed