സംസ്ഥാനത്ത് വ്യാപക മഴ തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി ഏഴ് മണി വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

ജാഗ്രതാ നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

About The Author