വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ആന്റിസെപ്റ്റിക്‌സ് സൊല്യൂഷന്‍: യൂണിറ്റ് ശിലാസ്ഥാപനം വെള്ളിയാഴ്ച

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ആന്റിസെപ്റ്റിക്‌സ് സൊല്യൂഷന്‍ നിര്‍മ്മാണം തുടങ്ങുന്നു.  കമ്പനിയുടെ കണ്ണപുരം യൂണിറ്റില്‍ തുടങ്ങുന്ന മാനുഫാക്ചറിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം ജൂണ്‍ 28ന് വൈകിട്ട് മൂന്ന് മണിക്ക് കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വഹിക്കും.  മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കമ്പനി ഡയറക്ടര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കണ്ണപുരം യൂണിറ്റില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹാന്റ് വാഷ്, സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷന്‍ – പ്ലസ്, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ – ക്ലിയര്‍, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ സൂപ്പര്‍, ഐസോ റബ്ബ്, എതനോള്‍ റബ്ബ്, ടോപ്പിക്കല്‍ സൊല്യൂഷന്‍ – പ്ലസ്, ടോപ്പിക്കല്‍ സൊല്യൂഷന്‍ – ക്ലിയര്‍, കെസിസിപിഎല്‍ സെപ്‌റ്റോള്‍, സുപ്രീം എഎസ്, ക്ലോറോഫ്‌ലൈലിനോള്‍, സര്‍ജിസോള്‍, കെസിസിപി ഡിസിന്റോള്‍, മൗത്ത് വാഷ് തുടങ്ങിയ 15 ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുക. പദ്ധതിക്കായി 2.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി നീട്ടി

വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സമിതി സംഘടിപ്പിക്കുന്ന നോവല്‍ ആസ്വാദനക്കുറിപ്പ്, തിരക്കഥാ രചനാ മത്സരങ്ങളുടെ തിയ്യതി നീട്ടി. സ്‌കൂള്‍ മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ ബിആര്‍സിയിലേക്ക് നല്‍കേണ്ട തിയ്യതിയാണ് ജൂലൈ അഞ്ചിലേക്ക് നീട്ടിയത്.
യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള നോവല്‍ ആസ്വാദനക്കുറിപ്പ്  മത്സരത്തില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ ആസ്വാദനമാണ് തയ്യാറാക്കേണ്ടത്. രചന 300 വാക്കില്‍ കവിയരുത്. മികച്ച സൃഷ്ടി തെരഞ്ഞെടുത്ത് സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തി ജൂലൈ അഞ്ചിന് വൈകുന്നേരത്തിനകം ബിആര്‍സിക്ക് നല്‍കണം.
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കാണ് തിരക്കഥാ രചന മത്സരം.
ചെറുകഥയെ ആധാരമാക്കി തിരക്കഥ രചിക്കുകയാണ് മത്സരം. ഓരോ സ്‌കൂളില്‍ നിന്നും മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു എന്‍ട്രിയാണ് ബിആര്‍സിക്ക് നല്‍കേണ്ടത്. രണ്ട് ചെറു കഥകള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശിക്കാം. ഇതില്‍ നിന്ന് മത്സരാര്‍ഥി ഇഷ്ടമുള്ള ഒരു കഥയെ ആധാരമാക്കി തിരക്കഥ രചിക്കണം. മത്സര സമയം കഥ വായിക്കാന്‍ ഉള്‍പ്പെടെ ഒന്നരമണിക്കൂര്‍. (കഥയുടെ പിഡിഎഫ് കോപ്പി നല്‍കാവുന്നതാണ്). ഒരു സ്‌കൂളില്‍ നിന്ന് മികച്ച ഒരു സൃഷ്ടി ജൂലൈ അഞ്ചിനകം ബിആര്‍സിയിലേക്ക് എത്തിക്കണം.

ഗവ.പ്ലീഡര്‍ നിയമനം

തലശ്ശേരി എം എ സി ടി കോടതിയില്‍ ഗവ.പ്ലീഡറെ നിയമിക്കുന്നതിന് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തിയ്യതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 15ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ സമര്‍പ്പിക്കണം. 0497 2700645

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം കോ ഓപ്പറേഷന്‍, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാവുക.  ഫോണ്‍:0497 2877600, 8547005059, 9567086541.

സര്‍ക്കസ് പെന്‍ഷന്‍; രേഖകളുമായി ഹാജരാകണം

അവശ സര്‍ക്കസ് കലാകാര പെന്‍ഷന്‍ ഗുണഭോകതാക്കളുടെ വിവരങ്ങള്‍ സേവന സോഫ്റ്റ് വെയറില്‍ രേഖേപ്പെടുത്തുന്നതിനായി സര്‍ക്കസ് പെന്‍ഷന്‍ വാങ്ങിക്കുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ ഡി കാര്‍ഡ്, പെന്‍ഷന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവയുടെ പകര്‍പ്പ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് (2024-25 സാമ്പത്തിക  വര്‍ഷം നല്‍കാത്തവര്‍) എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-25 അധ്യയന വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 9895880075, 0497 2706904.

ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.  ഫോണ്‍: 8156893087,  9388338357.

താല്‍പര്യപത്രം ക്ഷണിച്ചു

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പദ്ധതിയുമായി സഹകരിക്കാനും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകര്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  ജൂലൈ 15 വരെ താല്‍പര്യപത്രം സ്വീകരിക്കും.  ഫോണ്‍: 0495 2377786. വെബ്‌സൈറ്റ്: www.becdd.kerala.gov.in.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്‌സിങ്, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  പ്രായം 40 വയസില്‍ താഴെ.  താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം.  ഫോണ്‍: 0497 2822042, 8921991053.

ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക്); ഇന്റര്‍വ്യൂ 5ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക് – 4 – എന്‍ സി എ – എസ് സി – 811/2022), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക് – 7 – എന്‍ സി എ – എസ് സി – 655/2022)  തസ്തികകളുടെ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ  ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ അഞ്ചിന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥിക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ള 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം.  എസ് സി, എസ് ടി, ഒ ബി എച്ച്, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്റ്‌സ് ആനുകൂല്യം ലഭിക്കും.  ഫോണ്‍: 9567463159, 0490 2353600 6282393203.  ഇ മെയില്‍: principal.kihm@kerala.gov.in.

ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള അഴീക്കോട് ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു.  ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്കും യു പി വിഭാഗത്തിന് ബിരുദവും ബി എഡ്/ ടി ടി സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  ഹിന്ദി രണ്ടാം ഭാഷ എടുത്തവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ ആറിന് കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഇ മസ്റ്ററിങ് ചെയ്യണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2705197.

മോട്ടോര്‍ തൊഴിലാളി കുടിശ്ശിക; തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയ പരിധി സപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

About The Author