മാഹി ബൈപാസിലെ പള്ളൂർ സിഗ്നലിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു

ഉദ്ഘാടനം കഴിഞ്ഞ് 100 നാള്‍ വാഹനാപകടങ്ങള്‍ സ്ഥിരമായ മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിന് മുന്നില്‍ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
ഏറെ പരാതികള്‍ക്കൊടുവിലാണ് സിഗ്നല്‍ പോയൻറ് ഉണ്ടെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നല്‍ പോയന്റ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എൻ.എച്ച്‌ എ.ഐ ഉദ്യോഗസ്ഥ സംഘവും ബുധനാഴ്ച സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തും. രാവിലെ 11നാണ് സ്പീക്കർ സിഗ്നല്‍ പോയന്റ് സന്ദർശിക്കുക.അപകടങ്ങള്‍നടന്ന് മരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. രമേശ് പറമ്പത്ത് എം.എല്‍.എ, റീജനല്‍ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ ദാസ് എന്നിവരും സംഘത്തിലുണ്ടാവും. ഒട്ടേറെ അപാകതകള്‍ സിഗ്നല്‍ പോയൻറില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ബൈപാസ് പാതയില്‍ വാഹനങ്ങള്‍ സിഗ്നല്‍ ലൈറ്റ് എത്തുന്നതിന് 200 മീറ്ററിന് മുൻപ് ബൈപാസില്‍ ഇരുവശത്തും സൂചനാ ബോർഡുകള്‍ സ്ഥാപിക്കേണ്ടതായിരുന്നു. വിമർശനങ്ങള്‍ ഉയർന്നപ്പോള്‍ മാത്രമാണ് കഴിഞ്ഞ ദിവസം അധികൃതർ അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നലിലെ അപകടങ്ങള്‍ ഒഴിവാക്കുവാൻ സാധ്യമായ നടപടികള്‍ എടുക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ.ടി യു.മുജീബ് അറിയിച്ചു. ആറിന് കണ്ണൂരില്‍ ചേരുന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗത്തില്‍ ദേശീയപാത അതോറിറ്റി അധികൃതരും പങ്കെടുക്കും. ചെറുതും വലുതുമായ അപകടങ്ങളില്‍ രണ്ട് പേർക്ക് ജീവൻ നഷ്ട പ്പെടുകയുണ്ടായി.

About The Author