വയനാട്ടിൽ മമതാ ബാനർജിയെത്തും; പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തേക്കും

രാഹുൽ ​ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിഞ്ഞ സാഹചര്യത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ബന്ധത്തിലുണ്ടായ വിള്ളല്‍ അവസാനിപ്പിച്ചേക്കും. ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂലിനെ വിട്ട് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനെ തുടര്‍ന്നാണ് ബന്ധത്തില്‍ ഇടര്‍ച്ച ഉണ്ടായത്. കോണ്‍ഗ്രസുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വയനാട് ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ​ഗാന്ധിക്കായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍‌ർജി പ്രചാരണത്തിന് എത്തിയേക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരവുമായി മമത കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രചാരണത്തിന് വയനാട്ടിലേക്കെത്തുന്ന തീയതി പിന്നീട് അറിയിക്കും.

കോണ്‍ഗ്രസ് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നതില്‍ ഇടഞ്ഞ മമത പശ്ചിമ ബം​ഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാൽ ലോക്സഭയിലേക്കുള്ള മികച്ച മുന്നേറ്റത്തിന് പിന്നാലെ മുന്നണിക്കൊപ്പം തന്നെ തുടരുമെന്ന സൂചന മമത നൽകിയിരുന്നു. ഇത് ഉറപ്പിക്കുക കൂടിയാകും ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം.

റായ് ബറേലിയും വയനാടും വിജയിച്ച പശ്ചാത്തലത്തിലാണ് രാഹുൽ വയനാട് മണ്ഡലത്തിലെ എംപി എന്ന സ്ഥാനം രാജിവെച്ചതും പകരം പ്രിയങ്ക എത്തുമെന്ന് പ്രഖ്യാപിച്ചതും. ഏറെ കാലമായി രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനമാണ് വയനാട് മണ്ഡലത്തിലൂടെ നടക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക രാഹുലിനേക്കാൾ ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

About The Author