കുവൈറ്റ് ദുരന്തം; മൃതദേഹങ്ങൾ അൽപ്പസമയത്തിനകം കൊച്ചിയിലെത്തിക്കും, നടപടികൾ പൂർത്തിയായതായി മന്ത്രി

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്. അവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റിലേക്ക് പുറപ്പെടാൻ യാത്രാ അനുമതി നിഷേധിച്ചതിലും മന്ത്രി പ്രതികരിച്ചു. ദുരന്തമുഖത്ത് നിൽകുമ്പോൾ ഇത്തരം നടപടി വേണ്ടായിരുന്നു. അവിടെ എത്തിയിരുന്നെങ്കിൽ കുറച്ചൂടെ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

10.30യോടെ മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് ഉമേഷ് പറഞ്ഞു. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. 45 മൃതദേഹങ്ങളുമാളുമായിട്ടാണ് വിമാനം കൊച്ചിയിലെത്തുക. 23 മലയാളികളുടെ മൃതദേഹങ്ങളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള്‍ രാജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിക്കും.

തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിവരിൽ മലയാളികൾ  23, തമിഴ്നാട്- ഏഴ്, ഉത്തർപ്രദേശ്- നാല്, ആന്ധ്രാപ്രദേശ്- മൂന്ന്, ബിഹാർ- രണ്ട്, ഓഡീഷ- രണ്ട്, ജാർഖണ്ഡ്- ഒന്ന്, കർണാടക- ഒന്ന്, മഹാരാഷ്ട്ര- ഒന്ന്, പഞ്ചാബ്- ഒന്ന്, പശ്ചിമ ബംഗാൾ- ഒന്ന് എന്നിങ്ങനെയാണ്.

ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.

About The Author