കുവൈത്ത് തീപ്പിടുത്തം: മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് കളക്ടർ

കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തുക രാവിലെ10.30-ഓടെ. വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. 23 മലയാളികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളത്തിൽ യോ​ഗം ചേർന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള നടപടി പൂർത്തിയായതായി കളക്ടർ അറിയിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. കൊച്ചിയിൽനിന്നു പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹം വീടുകളിലെത്തിക്കും. തീപിടുത്തത്തിൽ ആകെ 24 മലയാളികളാണ് മരിച്ചത്. 45 ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചിട്ടുണ്ട്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ അറിയിച്ചു.

About The Author