കൊട്ടിയൂർ വൈശാഖ മഹോത്സവം: നിഗൂഢ പൂജകൾ ഇന്ന് ആരംഭിക്കും

വൈശാഖ മഹോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്ന് പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് പുറപ്പെടും. സന്ധ്യക്ക് ശേഷം നല്ലൂരാനും സംഘവും മൺകലങ്ങളും തലയിലേറ്റി അക്കരെ സന്നിധാനത്തിൽ എത്തിയാൽ നിഗൂഢ പൂജകൾ ആരംഭിക്കും. രാത്രിയാണ് കലശ പൂജ നടക്കുന്നത്.

വ്യാഴാഴ്ച ഉച്ച മുതൽ ചിട്ടകളിലും ചടങ്ങുകളിലും മാറ്റം വരും. ഉച്ചശീവേലി കഴിഞ്ഞ് ആനകൾ കൊട്ടിയൂർ പെരുമാളുടെ സന്നിധാനത്തിൽ നിന്ന്‌ മടങ്ങും. വിശേഷ വാദ്യവും ഉണ്ടാകില്ല. സ്ത്രീകളുടെ പ്രവേശനവും ഉച്ചയോടെ അവസാനിക്കും. ശീവേലി പൂർത്തീകരിക്കും മുൻപ്‌ സ്ത്രീകൾ ബാവലി പുഴയുടെ ഇക്കരയിലേക്ക് മടങ്ങണം. തിടമ്പേറ്റുന്ന ആനകളും ശീവേലിക്ക് ശേഷം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങും.

ഞായറാഴ്ച അത്തം നാളിൽ അവസാനത്തെ ചതുശ്ശതം പെരുമാൾക്ക് നിവേദിക്കും. വാളാട്ടവും കുടിപതികളുടെ തേങ്ങയേറും കലശ പൂജയും അന്ന് നടക്കും. തിങ്കളാഴ്ച തൃക്കലശാട്ടോടെ വൈശാഖോത്സവം സമാപിക്കും.

About The Author