കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സിന്റിക്കേറ്റ് യോഗം

കണ്ണൂർ സർവകലാശാലയുടെ ഇത്തവണത്തെ സിന്റിക്കേറ്റ് യോഗം സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്നു. നെറ്റ് പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുകയും ലക്ഷക്കണക്കിന്  വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുകയും ചെയ്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് സിന്റിക്കേറ്റ് യോഗം പ്രമേയം അവതരിപ്പിച്ചു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കണമെന്നും ജാഗ്രതപാലിക്കണമെന്നും സിന്റിക്കേറ്റംഗം പ്രമോദ് വെള്ളച്ചാൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സിന്റിക്കേറ്റ് യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങൾ

  1. നീലേശ്വരം ക്യാമ്പസിലെ എം കോം ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഫീസ് നിരക്ക് കുറക്കാൻ തീരുമാനിച്ചു.

  2. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സമഗ്രമായ സോഫ്റ്റ് വെയർ ലഭ്യമാക്കണം എന്ന നിർദ്ദേശം അംഗീകരിച്ചു.

  3. വിവിധ കോളേജുകളിൽ കോഴ്‌സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ചു.

  4. മാനന്തവാടി മേരിമാതാ കോളേജിലെ നാല് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.

  5. 2023 – 24 വർഷത്തെ ആർട്സ് ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകാൻ തീരുമാനിച്ചു.

  6. 2023 – 24 വർഷത്തെ വാർഷിക വരവ് ചെലവ് കണക്കുകൾക്ക് അംഗീകാരം നൽകി.

  7. നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പുനഃപ്രവേശനം സാധ്യമല്ലാത്തതിനാൽ ഹാജർ നില പരിഗണിക്കാതെ പരീക്ഷയെഴുതാൻ അവസരം നൽകാൻ തീരുമാനിച്ചു.

  8. നെറ്റ് പരീക്ഷ നടത്താത്ത വിഷയങ്ങളിൽ പഠിപ്പിക്കുന്ന അതിഥി അധ്യാപകർക്ക് അനുബന്ധ വിഷയങ്ങളിൽ നെറ്റ് യോഗ്യതയുണ്ടെങ്കിൽ മറ്റ് നെറ്റ് യോഗ്യതയുള്ള അധ്യാപകർക്ക് നൽകുന്ന അതേ വേതനം അനുവദിക്കാൻ തീരുമാനിച്ചു.

  9. മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ കാന്റീൻ നടത്തിപ്പ് കുടുംബശ്രീ മിഷന് തന്നെ ഒരു വർഷം കൂടി നീട്ടി നല്കാൻ തീരുമാനിച്ചു.

  10. മാനന്തവാടി മേരിമാതാ കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസർക്ക് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു.

  11. 2024 – 24 വർഷം മുതൽ ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ടൈം ടേബിൾ

17.07.2024 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിരുദം (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്ററി – 2018 & 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

കണ്ണൂർ സർവകലാശാലയിൽ കിഫ്ബി സാമ്പത്തിക സഹായത്താൽ നടപ്പിലാക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് ആയി നിയമിക്കപ്പെടുന്നതിനായി ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി 28/06/2024 വൈകുന്നേരം 5 മണി വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം പി ഇ എസ് ഒഴികെയുള്ള) പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെലക്ഷൻ മെമ്മോയിൽ പറയുന്ന ഡോക്യൂമെന്റുകളുമായി അതാത് പഠന വകുപ്പിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.

About The Author