ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ജന ജീവിതത്തിന്റെ സമസ്ത തലത്തിലും ആയുര്‍വേദ ശാസ്ത്രത്തിന്റെ ഗുണങ്ങള്‍ എത്തിക്കാന്‍ നമുക്ക് സാധ്യമാകണമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  പറഞ്ഞു.ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഐ പി വിഭാഗത്തില്‍ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളില്‍  ആധുനിക ചികിത്സാ രീതികള്‍ ഉണ്ടെങ്കില്‍ പോലും അവിടുന്ന്  ധാരളം ആളുകള്‍ ആയുര്‍വേദ ചികിത്സയുടെ മഹത്വം മനസിലാക്കി നമ്മുടെ നാട്ടിലേക്ക് ചികിത്സാക്കായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപതിയിലെ കിടപ്പു രോഗികള്‍ക്ക് വേണ്ടി ലൈബ്രറി രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതിനായി രണ്ടു ലക്ഷം രൂപ മുടക്കി പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ടന്നും  പ്രസിഡണ്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ  അഡ്വ. കെ കെ രത്‌നകുമാരി,  യു പി ശോഭ, വി കെ സുരേഷ് ബാബു,  ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. എസ് ശ്രീലത, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീനിവാസന്‍, കെ സി മഹേഷ്, എം സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.

കിടപ്പു രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 16 ലക്ഷം രൂപ  സി എസ് ആര്‍ ഫണ്ടും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഫണ്ടും വിനിയോഗിച്ചാണ് സ്തീകളുടെ വാര്‍ഡ് നവീകരിച്ചത്. 50 ബെഡുകളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

About The Author