ഫയലുകളില്‍ ഏകീകൃത ലിപി ശൈലി ഉപയോഗിക്കണം: ഭരണഭാഷ ഏകോപനസമിതി

ഭരണ നിര്‍വഹണത്തിന് ഫയലുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത ലിപി ശൈലി ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ഭരണ ഭാഷ ജില്ലാതല അവലോകന സമിതിയില്‍ നിര്‍ദേശം. എഡിഎം നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാറാണ് ഈ നിര്‍ദേശം നല്‍കിയത്.

2022 ല്‍ മലയാള ലിപി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ടൈപ്പിങ്ങിനും അച്ചടിക്കുമായി ഇതിനനുസരിച്ചുള്ള ഫോണ്ടും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇ ഓഫീസ് സംവിധാനത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ഏകീകൃത ശൈലിയും ഫോണ്ടും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ ഭാഷയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച പദങ്ങള്‍ പലരും ഉപയോഗിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇത് ഒഴിവാക്കണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്നതിനാല്‍ അതിനനുസരിച്ചുള്ള ഭാഷാ പ്രയോഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇംഗ്ലീഷിന് പകരം മലയാളമെന്ന പേരില്‍ കഠിന സംസ്‌കൃത പദങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത ചിലരിലെങ്കിലുമുണ്ട്. സമാന പദമില്ലെങ്കില്‍ പ്രചാരത്തിലുള്ള ഇംഗ്ലീഷ് വാക്ക് തന്നെ മലയാളത്തില്‍ എഴുതാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഭാഷാ പ്രയോഗം സംബന്ധിച്ച ഉത്തരവുകള്‍ എല്ലാ ഉദ്യോഗസ്ഥരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും മൂന്ന് മാസത്തെ ഭാഷാ മാറ്റ പുരോഗതി അവലോകനം നടത്തി. ജില്ലാ തല ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ് ക്ലര്‍ക്ക് കിരണ്‍ പ്രഭാകര്‍ സ്വാഗതം പറഞ്ഞു.

About The Author