കളിയിക്കാവിള കൊല: കൃത്യത്തിന് ക്ലോറോഫോം ഉപയോഗിച്ചതായി പ്രതി

കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളി തന്നതെന്ന് ഭാര്യ മൊഴി നൽകി.

രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു. മെഡിക്കൽ സ്റ്റോർ ജീവനക്കാരനോട് കളിയിക്കാവിളയിൽ ഇറക്കാമോ എന്ന് ചോദിച്ചു. തന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചെന്ന് ജീവനക്കാരൻ മൊഴി നൽകി. വിളിച്ച നമ്പർ സ്വിച്ച് ഓഫാണെന്ന് അമ്പിളി പറഞ്ഞെന്ന് ജീവനക്കാരൻ പറഞ്ഞു.

അമ്പിളി കുറ്റസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊലപാതകം നടക്കുന്ന സമയം അമ്പിളി വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. അമ്പിളിയുടെ ഫോണും വീട്ടിലായിരുന്നു. എന്നാൽ കൊലപാതകവും പിടികൊടുത്തതും ആസൂത്രിതമെന്നാണ് പോലീസ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിലെ പ്രതിയുടെ മറുപടിയാണ് പോലീസിനെ കുഴപ്പിക്കുന്നത്. അടുത്ത ചോദ്യം മുൻകൂട്ടി മനസ്സിലാക്കിയാണ് പ്രതി മൊഴി നൽകുന്നത്. പ്രതിയെ കുഴിത്തുറായ് കോടതിയിൽ ഇന്ന് ഹാജരാക്കി റിമാൻഡ് ചെയ്യും. രണ്ടു ദിവസത്തിന് ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് ആലോചന.

About The Author

You may have missed