‘ആക്കുളം പുനരുജ്ജീവന പദ്ധതിയിൽ നിക്ഷിപ്ത താത്പര്യം’; മന്ത്രി റിയാസിനെതിരെ കടകംപള്ളി നിയമസഭയിൽ

ടൂറിസം വകുപ്പിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും നിയമസഭയിൽ വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മണ്ഡലത്തിലെ ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ‌ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടി കൊണ്ടുപോകുന്നുവെന്ന് കടകംപള്ളി പറഞ്ഞു. ഇതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും ടൂറിസം വകുപ്പ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന കടുത്ത വിമർശനവും കടകംപള്ളി ഉയർത്തി. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.

സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയെന്നും ഇവക്ക് ഓരോന്നിനും മറുപടി പറയാതെ മന്ത്രി മുഹമ്മദ് റിയാസ് പൊതുവായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഹമ്മദ് റിയാസിന് കീഴിലെ പൊതുമരാമത്ത് വകുപ്പിനെയും കടകംപള്ളി വിമർശിച്ചിരുന്നു.

About The Author