പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയുള്ള സമ്മേളനം എന്ന പ്രത്യേകതയുണ്ട് ഇത്തവണ സഭയ്ക്ക്. ബജറ്റ് പാസാക്കുകയാണ് സഭയുടെ പ്രധാന അജണ്ട. കേരള പഞ്ചായത്ത് രാജ് ഭേദഗതി ബിൽ ഉൾപ്പെടെയുള്ള നിർണായക ബില്ലുകളും സഭ പരിഗണിക്കും. അതെസമയം സഭ പ്രക്ഷുബ്ദമാക്കുക എന്നതാണ് പ്രതിപക്ഷ നിലപാട്. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ഫെബ്രുവരിയിൽ സഭയിൽ അവതരിപ്പിച്ച ബജറ്റ് പാസാക്കുകയാണ് പതിനൊന്നാം സമ്മേളനത്തിന്‍റെ പ്രധാന അജണ്ട.

ആദ്യദിനം തന്നെ 2024ലെ പഞ്ചായത്ത് രാജ് ഭേദഗതി ബിൽ, 2024 കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ എന്നിവയും സഭ പരിഗണിക്കും. ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സഭ ചേരുന്നത്. അതുകൊണ്ട് തന്നെ സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ സമ്മേളനങ്ങളിലേതിന് സമാനമായ രീതിയിൽ സഭ പ്രക്ഷുബ്ദമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന്‍റെ ഭാഗമായി ലോകസഭാ തെരഞ്ഞെടുപ്പ്, ബാറുടമയുടെ ശബ്ദരേഖ ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉയർന്നു വരും.

അതെസമയം പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങളെ വസ്തുതകൾ നിരത്തി നേരിടാനാണ് ഭരണപക്ഷ തീരുമാനം. ആദ്യ മൂന്നു ദിവസത്തെ സമ്മേളനത്തിനുശേഷം 13, 14, 15 തീയതികളിൽ നാലാം ലോക കേരള സഭയ്ക്ക് നിയമസഭ വേദിയാകും. ആ ദിവസങ്ങളിൽ സഭ ചേരില്ല. ആകെ 28 ദിവസത്തേക്ക് ചേരുന്ന സഭാ സമ്മേളനം ജൂലൈ 25ന് അവസാനിക്കും.

About The Author