ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ ഡല്‍ഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചു. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ റൗസ് അവന്യു കോടതിയിലെത്തിയിട്ടുണ്ട്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സിബിഐ കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.

ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കില്‍, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

About The Author

You may have missed