തൃശൂർ മേയറെ വിളിച്ചുവരുത്തി സിപിഐഎം; സുരേഷ് ഗോപിയോട് പ്രത്യേക താത്പര്യമില്ലെന്ന് എം.കെ വര്‍ഗീസ്

തൃശ്ശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വി സിപിഐഎം, സിപിഐ പാര്‍ട്ടികളില്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെ സിപിഐഎം പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് സിപിഐഎം ജില്ലാ സെക്രട്ടറി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി. തൃശ്ശൂരിലെ തോല്‍വിയില്‍ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെയാണ് പാര്‍ട്ടി നടപടി. തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് മേയര്‍ പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്.

എന്നാല്‍, സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് ജില്ലാ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിച്ചാല്‍ അത് രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇടതുപക്ഷത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. തന്നെ മേയറാക്കിയത് സിപിഐഎമ്മാണ്. അവരുടെ നയം ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് എന്റെ ചേംബറില്‍ വരാന്‍ അവകാശമില്ലേ?. വന്നയാള്‍ക്ക് താന്‍ ചായ കൊടുത്തത് തെറ്റാണോ?. സുരേഷ് ഗോപി ഫിറ്റാണോ എന്ന പ്രസ്താവനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയതല്ല. ഞാന്‍ മറ്റൊരു കാര്യത്തിന് പോയതാണ്. അപ്പോള്‍ അദ്ദേഹം മാധ്യമ വാര്‍ത്തകളെപ്പറ്റി പറഞ്ഞു. തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും വര്‍ഗീസ് വ്യക്തമാക്കി.

About The Author