പാര്‍ട്ടിയില്‍ താഴെത്തട്ടുമുതല്‍ ആത്മവിമര്‍ശനത്തിന് തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പാര്‍ട്ടിയില്‍ താഴെത്തട്ടുമുതല്‍ ആത്മവിമര്‍ശനത്തിന് തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കത്ത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിന്റെ ഓര്‍മപ്പെടുത്തല്‍. തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ കണ്ടെത്തി തിരുത്തി മുന്നേറണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.

പാര്‍ട്ടിയ്ക്ക് തിരിച്ചുവരാനുള്ള മാര്‍ഗം ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കലാണെന്ന് ബിനോയ് വിശ്വത്തിന്റെ കത്തില്‍ പറയുന്നു. നിറഞ്ഞ വിനയത്തോടെയും കൂറോടെയുമാണ് ജനങ്ങളോട് ഇടപെടേണ്ടത്. ജനങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കുമുന്നില്‍ അസഹിഷ്ണുക്കളാകാന്‍ നമ്മുക്ക് അവകാശമില്ല. രാഷ്ട്രീയ ബോധവും ആശയ വ്യക്തതയും പ്രവര്‍ത്തന സന്നദ്ധതയും എല്ലാം ചേര്‍ന്ന കര്‍മ്മ പദ്ധതിയിലൂടെ വേണം മുന്നോട്ടുപോകാനെന്നും ബിനോയ് വിശ്വം കത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതികരണം നടത്താത്ത മുഖ്യമന്ത്രിയ്‌ക്കെതിരായ പരോക്ഷ വിമര്‍ശനവും ബിനോയ് വിശ്വത്തിന്റെ കത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്. യാഥാര്‍ത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനങ്ങള്‍ കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമര്‍ത്ഥ്യങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

About The Author