കങ്കണയെ മര്‍ദ്ദിച്ചെന്ന പരാതി: സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍, കേസ്

നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ചെന്ന ആരോപണമുയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിക്കെതിരെയാണ് പരാതി.

വിമാനത്താവളത്തിനുള്ളില്‍ വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

കര്‍ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്‍ഷകരെ അധിക്ഷേപിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്നും കുല്‍വിന്ദര്‍ കൗര്‍ പ്രതികരിച്ചു. ‘നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവര്‍ പോയി അവിടെ ഇരിക്കുമോ? അവര്‍ ഈ പ്രതികരണം നടത്തുമ്പോള്‍ എന്റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരത്തിലായിരുന്നു’, കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.

About The Author