കോളിനും നെറ്റിനും വില കൂടും; ജിയോയ്‌ക്ക് പിന്നാലെ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാന്‍ മറ്റ് കമ്പനികളും

റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണി കണ്‍ട്രോളിൻ്റെ റിപ്പോര്‍ട്ട്. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്ക് ഉയര്‍ത്തിയത്. അന്ന് 20 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ഇത്തവണ താരിഫ് നിരക്ക് വര്‍ധനക്ക് റിലയന്‍സ് ജിയോയാണ് തുടക്കമിട്ടത്. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. ജിയോ വിവിധ പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപ ഇനി മുതല്‍ നല്‍കണം. അതേ കാലയളവിൽ പ്രതിദിനം ഒരു ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 209 രൂപക്ക് പകരം 249 രൂപ നല്‍കേണ്ടി വരും.

പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന്‍റെ വില 239 രൂപയിൽ നിന്ന് 299 രൂപയായി ഉയരുന്നതും 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപക്ക് പകരം 349 രൂപ നല്‍കേണ്ടി വരുന്നതും പുതിയ മാറ്റത്തിലുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റ പ്ലാനിന് 349 രൂപക്ക് പകരം 399 രൂപയും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപക്ക് പകരം 449 രൂപയും ഇനി മുതല്‍ നല്‍കണം. ദൈർഘ്യമേറിയ പ്ലാനുകളിലും ജിയോ വില വർധനവ് വരുത്തി. രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് പുതുക്കിയ നിരക്കുകള്‍ പ്രകാരം 579 രൂപയാകും. പ്രതിദിനം 2 ജിബി ഉപയോഗിക്കാവുന്ന പ്ലാനിൻ്റെ തുക 533 രൂപയിൽ നിന്ന് 629 രൂപയായി ഉയർത്തും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാന്‍ 395 രൂപയിൽ നിന്ന് 479 രൂപയിൽ എത്തുന്നതും പുതിയ നിരക്ക് വര്‍ധനവില്‍ പ്രകടമാകുന്ന വലിയ മാറ്റമാണ്.

About The Author