കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരന്റെ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടംപൊയ്കയിൽ സ്വദേശി പ്രകാശനാണ് അക്രമം നേരിട്ടത്. സംഭവത്തിൽ മാങ്കയം സ്വദേശി എബ്രഹാമിനെതിരെ പൊലീസ് കേസെടുത്തു.
മാങ്കയം എന്ന സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരൻ ബെല്ലടിച്ചു. സ്റ്റോപ്പില്ലാത്തതിനാൽ ഡ്രൈവർ നിർത്തിയില്ല. തുടർന്ന് ഡ്രൈവർക്കടുത്തേക്ക് പാഞ്ഞടുത്ത യാത്രക്കാരൻ കഴുത്തിന് പിടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ബസിന് നിയന്ത്രണം നഷ്ടമാവുകയും സമീപത്തേക്ക് ഓടിച്ച് കയറുകയും ചെയ്തു. ഡ്രൈവർ മനസാന്നിധ്യം വീണ്ടെടുത്ത് അരികിലേക്ക് ഒതുക്കി നിർത്തിയതുകൊണ്ട് അപകടം ഒഴിവായി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുക്കത്തെ ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാരന് നേരെ തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.