ജെൻഡർ ന്യൂട്രാലിറ്റിയല്ല തുല്യതയാണ് വേണ്ടത്; പി കെ ഫിറോസ്

സ്‌കൂൡ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഫിറോസ് പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രലില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിന് മലബാറിലെ വിദ്യാര്‍ത്ഥികളോട് അയിത്തമാണെന്നും കുറ്റപ്പെടുത്തി.

അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രക്ഷോഭം ആരംഭിച്ചു. കാസര്‍ഗോഡ്,കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. മലബാര്‍ മേഖലയില്‍ 55,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. സീറ്റ് വര്‍ധിപ്പിച്ചിട്ട് കാര്യമില്ല, ബാച്ചുകളാണ് കൂട്ടേണ്ടത്. വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് വേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്. 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉള്ളത് 52,600 സീറ്റുകള്‍ മാത്രമാണ്. ഇതിന് പുറമെ 11,300 അണ്‍ എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകള്‍ മാത്രമാണ്.

About The Author