ശക്തമായ കാറ്റ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിർദേശം. കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യുനമര്‍ദ്ദ പാത്തി മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ ഇടിമിന്നല്‍ലോട് കൂടിയും കാറ്റോടുകൂടിയതുമായ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് സീസണിലെ ആദ്യ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ സംസ്ഥാനത്ത് മഴ കനക്കുമ്പോഴും  മഴക്കാലപൂർവ്വ ശുചീകരണത്തിന് സർക്കാർ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. ഫണ്ട് ലഭിക്കാത്തതിനാൽ മഴയ്ക്കു മുന്നേയുള്ള ശുചീകരണം പല ഇടത്തും മുടങ്ങിയെന്ന് തദ്ദേശസ്ഥാപനാധികൃതർ അറിയിച്ചു. വൃത്തിയാക്കാത്ത ഓടകളിൽ നിന്നും മഴയിൽ വെള്ളമൊഴുകി തുടങ്ങിയതോടെ എലിപ്പനി രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡിനും ലഭിക്കുക 30,000 രൂപയാണ്.

About The Author