മദ്യനയ വിവാദത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ല, പ്രചാരണം അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വി വേണു. പ്രചാരണം അടിസ്ഥാന രഹിതമാണ് അദ്ദേഹം പ്രതികരിച്ചു. ‌മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അതേസമയം മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്ന് ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. ഡ്രൈ ഡേ വഴി കോടികൾ നഷ്ടമാകുന്നുവെന്ന വിഷയം യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്നതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ നടന്നത് മദ്യ നയം ചര്‍ച്ച ചെയ്യാനുള്ള യോഗമല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയം ചര്‍ച്ച ചെയ്യാനാണ് ടുറിസം ഡയറക്‌റുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ്ങ് വിളിച്ചതെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വകുപ്പിന്റെ വിശദീകരണം.

മദ്യനയം ചര്‍ച്ച ചെയ്യാന്‍ ബാറുടമകളുടെ യോഗം വിളിച്ചെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നില്ല ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്റും വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ടൂറിസം രംഗത്തെ വിവിധ ആളുകള്‍ പങ്കെടുത്തു. ബാറുടമയ്ക്ക് വേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല ചേര്‍ന്നത്. ഇന്‍ഡസ്ട്രി കണക്ടിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്‍ വിശദീകരിച്ചിരുന്നു.

About The Author