KSU പഠനക്യാമ്പിനിടെ തമ്മില്‍ത്തല്ല്; പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി

നെയ്യാർ ഡാമിൽ നടക്കുന്ന കെഎസ്‌യു ദക്ഷിണമേഖലാ ക്യാമ്പിൽ സംഘർഷം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്നലെ രാത്രിയാണ് കെഎസ്‌യു പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ക്യാമ്പിൽ ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നേതാക്കൾ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. മർദനമേറ്റവർ പരാതിയില്ലെന്നും മർദനമേറ്റിട്ടില്ലെന്നുമാണ് പറയുന്നത്. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.

അതേസമയം സംഘർഷത്തിൽ ഒരു പ്രവർത്തകന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റിനാണ് പരുക്കേറ്റിട്ടുള്ളത്. ക്യാമ്പിന് വേണ്ടി ഡിസിസി ചുമതലപ്പെടുത്തിയ നാല് പേരിൽ ചിലരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ക്യാമ്പിലേക്ക് മദ്യം എത്തിക്കാൻ മുൻകൈ എടുത്തതെന്നും കെഎസ്‌യുവിലെ ഒരു വിഭാഗം ഡിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നുണ്ട്.

About The Author