തൃശൂർ പൂരത്തിന് ആനകൾ നിൽക്കുന്നിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്റർ; നിർദേശിച്ച് കോടതി

തൃശൂർ പൂരത്തിന് ആനകൾ നിൽക്കുന്നിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാൻ ഹൈക്കോടതി നിർദേശം. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാൻ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു.

തൃശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി 50 മീറ്റർ എന്നതിൽ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് ഇന്ന് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ പത്ത് മീറ്ററെങ്കിലും അകലം അനിവാര്യമെന്നായിരുന്നു അമികസ് ക്യൂറി റിപ്പോർട്ട്. എന്നാൽ പത്ത് മീറ്റർ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. കുടമാറ്റം പോലുള്ള ചടങ്ങിന് ദൂരപരിധി പ്രശ്‌നമാകുമെന്നും വ്യക്തമാക്കി. തുടർന്നാണ് ആനകൾ നിൽക്കുന്നിടത്തു നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ആനകൾ നിൽക്കുന്നിടത്തു നിന്ന് ആറ് മീറ്ററിനുള്ളിൽ തീവെട്ടി പാടില്ലെന്നും കോടതി വ്യക്തമാക്കി. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാണിച്ചു. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാൻ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു

അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. തെച്ചിക്കോട്ട് രാമചന്ദ്രൻ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഒരു ജീവൻ പോലും നഷ്ടപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥൻ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങൾ വിശ്വസിക്കാമെന്ന ഉറപ്പ് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

About The Author