സിബിഐ അന്വേഷണം വൈകുന്നതില്‍ ഇടപെടണം; സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ഹൈക്കോടതിയില്‍

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛന്‍ ജയപ്രകാശ് ഹൈക്കോടതിയില്‍. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ജയപ്രകാശ് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. ഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം സിബിഐ അന്വേഷണ നടപടി വൈകുന്നതില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. വീഴ്ച ഉദ്യോഗസ്ഥരുടേതാണോ, സിബിഐക്ക് രേഖകള്‍ കൈമാറാന്‍ വൈകിയോ, വൈകിയെങ്കില്‍ ഉത്തരവാദി ആരാണ് തുടങ്ങിയ കാര്യങ്ങളിലായിരുന്നു മുഖ്യമന്ത്രി വ്യക്തത തേടിയത്. അതിനിടെയാണ് ഇന്ന് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

About The Author