തെരഞ്ഞെടുപ്പ് പ്രചാരണം: മോദിയും രാഹുലും ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പൊതുസമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധി കോഴിക്കോട്ടെ യുഡിഎഫ് മഹാറാലിയിൽ പ്രസംഗിക്കും. പ്രകാശ് കാരാട്ട്, ഡി രാജ തുടങ്ങിയ ദേശീയ നേതാക്കളും, മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.

പരസ്യപ്രചാരണം അവസാനിക്കാൻ ഒൻപതു നാൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലാണ്. പ്രചാരണത്തിന് ആവേശം വിതറാൻ താര പ്രചാരകർ ഇന്ന് കേരളത്തിൽ എത്തും. എൻഡിഎയുടെ താര പ്രചാരകൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി കൊച്ചിയിലെത്തി. രാവിലെ 10 30 ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നരയോടെ ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും നരേന്ദ്രമോദി പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. സമീപ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും വേദിയിലുണ്ടാകും.

ഇന്നുമുതൽ 22 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് രാഹുൽ ഗാന്ധിക്ക്. വൈകിട്ട് കോഴിക്കോട്ടേ യുഡിഎഫ് മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. മലബാർ മേഖലയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ വേദിയിലുണ്ടാകും.ഇന്നും നാളെയും സ്വന്തം മണ്ഡലമായ വയനാട്ടിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ കൂടാതെ
ഇടതുമുന്നണിയുടെ താര പ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശ്ശൂർ ജില്ലയിലുണ്ട്. ഇരിങ്ങാലക്കുട, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പേരൂർക്കടയിലും സിപിഐഎം പോളിംഗ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാപ്പനംകോടും പ്രസംഗിക്കും. വരും ദിവസങ്ങളിലും കൂടുതൽ ദേശീയ നേതാക്കൾ പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലെത്തും.

About The Author