വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂർ ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ സി സലീം  കണ്ണൂർ മണ്ഡലത്തിൽ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച  ഉച്ചക്ക് ശേഷം   കലക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍   അരുൺ കെ വിജയന്  മുമ്പാകെയാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി.



ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ദൈനംദിന ചെലവ് കണക്ക് സൂക്ഷിക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകന്‍ പരിശോധന നടത്തും. ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ള കണക്കുകള്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം.

95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ആകെ ചെലവാക്കാവുന്ന തുക. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതിക്കും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടക്ക് സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിയുടെ എജന്റോ സ്ഥാനാര്‍ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ തിരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കാവുന്ന പരമാവധി തുകയാണിത്. ചെലവ് ചെയ്ത തീയതി അല്ലെങ്കില്‍ ചെലവ് ചെയ്യാന്‍ അധികാരപ്പെടുത്തിയ തീയതി, ചെലവിന്റെ സ്വഭാവം (യാത്ര, തപാല്‍, അച്ചടി, ചുവരെഴുത്ത്, ചുവര്‍ പരസ്യം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, നോട്ടീസ്, ബാനര്‍, കമാനങ്ങള്‍, ഉച്ചഭാഷിണി, യോഗം, വാഹന വാടക തുടങ്ങിയവ) ഏതെന്ന് വ്യക്തമാക്കണം. ചെലവു തുക ഓരോ ഇനത്തിനും പ്രത്യേകം കാണിച്ചിരിക്കണം. കൊടുത്ത തുകയും, ബാക്കി കൊടുക്കാനുള്ള തുകയും വേര്‍തിരിച്ച് കാണിക്കണം. പണം കൊടുത്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും പൂര്‍ണ മേല്‍വിലാസവും, പണം കൊടുത്ത സംഗതിയില്‍ വൗച്ചറുകളുടെ ക്രമ നമ്പര്‍, കൊടുക്കാനുള്ള തുകയുടെ സംഗതിയില്‍ ബില്ലുകളുടെ ക്രമ നമ്പര്‍, പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരും പൂര്‍ണ മേല്‍വിലാസവും എന്നിവയും രേഖപ്പെടുത്തണം. വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകള്‍ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ്് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 145 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പുറത്തിറക്കിയത്. ഇതനുസരിച്ചായിരിക്കും ചെലവ് കണക്കാക്കുക.

മതിയായ രേഖകളില്ലാതെ സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ, പാര്‍ട്ടി പ്രവര്‍ത്തകരോ 50,000 രൂപക്ക് മുകളിലുള്ള തുക തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ മണ്ഡലത്തില്‍ കൊണ്ടുപോകരുത്. 10,000 രൂപ വരെയുള്ള ചെലവുകള്‍ മാത്രമേ പണമായി നല്‍കാവൂ. അതില്‍ കൂടുതല്‍ വരുന്ന തുക ചെക്ക്, ഡ്രാഫ്റ്റ് ആര്‍ ടി ജെ എസ് മുഖേന നല്‍കണം. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെക്കുന്ന തുക ഉള്‍പ്പെടെയുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രം ചെലവാക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 30 ദിവത്തിനകം കണക്ക് സമര്‍പ്പിച്ചിരിക്കണം. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. ഒറിജിനല്‍ ബില്ലുകള്‍ സ്ഥാനാര്‍ഥി തന്നെ സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് അവ ഹാജരാക്കേണ്ടതാണ്.

ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി സ്ഥാനാര്‍ഥിയുടെ ഗുണകാംക്ഷികളോ, രാഷ്ട്രീയ പാര്‍ട്ടികളോ ചെലവാക്കുന്ന തുക സംബന്ധിച്ച് ഏത് കാര്യത്തിന് ആര് ചെലവാക്കിയെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ രേഖാമൂലം വരണാധികാരിയെ അറിയിച്ചിരിക്കണം. ചെലവുചെയ്ത ആളോ പാര്‍ട്ടിയോ ചെലവു ചെയ്ത തുക സംബന്ധിച്ച് എന്തിനുവേണ്ടി എന്നു ചെലവാക്കിയെന്നത് സംബന്ധിച്ചും വിശദമായ വിവരങ്ങള്‍ സ്ഥാനാര്‍ഥി സൂക്ഷിച്ചു വെക്കേണ്ടതാണ്. തര്‍ക്കമുണ്ടായാല്‍ അവ ആവശ്യപ്പെടുന്ന അധികാരി മുമ്പാകെ ഹാജരാക്കുകയും വേണം. അല്ലാത്തപക്ഷം ആ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കുന്നതാണ്. നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ചെലവ് നിരീക്ഷകന്‍ അന്വേഷിക്കും. കൃത്യമായി കണക്ക് ഹാജരാക്കാതിരിക്കുകയോ തെറ്റായ കണക്ക് നല്‍കുകയോ ചെയ്താല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

സ്ഥാനാര്‍ഥിയെ അറിയാന്‍ കെ വൈ സി

വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയണോ? നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ് (കെ വൈ സി) ഫോണിലുണ്ടെങ്കില്‍ വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കി സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക എന്നത് ലക്ഷ്യമിട്ടാണ് ഇലക്ഷന്‍ കമ്മീഷന്‍ പൊതുജനങ്ങള്‍ക്കായി ഇത്തരത്തിലൊരു ആപ്പ് ഒരുക്കിയത്. സ്ഥാനാര്‍ഥിയുടെ പേര് വിവരങ്ങള്‍, പാര്‍ട്ടി, മത്സരിക്കുന്ന മണ്ഡലം, അവരുടെ പേരില്‍ നിലവിലുള്ളതോ മുമ്പ് ഉണ്ടായിരുന്നതോ ആയ കേസുകളുടെ വിവരങ്ങള്‍, മറ്റ് സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ ആപ്പില്‍ ലഭിക്കും. നാമനിര്‍ദ്ദേശ പത്രികയുടെ കൂടെ സമര്‍പ്പിക്കുന്ന അഫിഡവിറ്റ് (സത്യവാങ്മൂലം) ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പ് തുറന്ന് പ്രോസീഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. നിശ്ചിത സ്ഥാനാര്‍ഥിയെയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ പേര് ‘സെര്‍ച്ച് കാന്‍ഡിഡേറ്റ്’ എന്ന കോളത്തില്‍ നല്‍കി സെര്‍ച്ച് ക്ലിക് ചെയ്താല്‍ മതി. ഇനി ഒരു മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളെയും ലഭിക്കണമെങ്കില്‍ തൊട്ട് താഴെയുള്ള ‘സെലക്ട് ക്രൈറ്റീരിയ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന കോളങ്ങളില്‍ പാര്‍ലമെന്റ് മണ്ഡലം, ഇലക്ഷന്റെ പേര്, സംസ്ഥാനം, മണ്ഡലം എന്നിവ രേഖപ്പെടുത്തി ‘സബ്മിറ്റ്’ ചെയ്യണം.

സ്ഥാനാര്‍ഥിയുടെ ഫോട്ടോയോടൊപ്പം പേര്, രാഷ്ട്രീയ പാര്‍ട്ടി, നാമനിര്‍ദ്ദേശ പത്രികയുടെ നില, മത്സരിക്കുന്ന മണ്ഡലം, ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്/ഇല്ല എന്നീ വിവരങ്ങളാണ് ആദ്യം ലഭിക്കുക. വീണ്ടും ക്ലിക്ക് ചെയ്താല്‍ അഫിഡവിറ്റ്, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ലിങ്കുകള്‍ കാണാന്‍ സാധിക്കും. അഫിഡവിറ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ആകും.

ഉപഭോക്താകള്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ആപ്പിന്റെ പ്രധാന പേജില്‍ വിവരങ്ങള്‍ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികകള്‍ (മുഴുവന്‍), മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍, സ്വീകരിച്ച നാമനിര്‍ദ്ദേശ പത്രികകള്‍, തള്ളിയ നാമനിര്‍ദ്ദേശ പത്രികകള്‍, പിന്‍വലിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് നോമിനേഷന്‍ സ്വീകരിച്ച ശേഷം സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നത്.

തര ജില്ലക്കാരായ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കും പരിശീന കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നല്‍കാം

കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട് ആദ്യഘട്ടത്തില്‍ പരിശീലനം ഇല്ലാത്ത ഇതര ജില്ലകളിലെ വോട്ടര്‍മാരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും  പരിശീന കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു. ഇതിനായി ഇതര ജില്ലകളിലെ വോട്ടര്‍മാരായ പോളിംഗ് ഉദ്യോഗസ്ഥര്‍ (ഫോറം-12ല്‍) അപേക്ഷ സമര്‍പ്പിക്കണം. നിയമന ഉത്തരവിന്റെയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇത്തരം അപേക്ഷകള്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളില്‍ രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ സ്വീകരിക്കും. പയ്യന്നൂര്‍-എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്ല്യാശ്ശേരി-കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ്-കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്റ് വേസ്റ്റ് മാനേജ്മെന്റ്-കരിമ്പം, ഇരിക്കൂര്‍-ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശ്രീകണ്ഠാപുരം, അഴീക്കോട്-കൃഷ്ണ മേനോന്‍ സ്മാരക വനിത കോളേജ് പള്ളിക്കുന്ന്, കണ്ണൂര്‍-ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ധര്‍മ്മടം-ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍- ചാല, തലശ്ശേരി-ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ തലശ്ശേരി, കൂത്തുപറമ്പ്- കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൊക്കിലങ്ങാടി, മട്ടന്നൂര്‍-മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , പേരാവൂര്‍-സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുണ്ടിയില്‍ എന്നിവയാണ് കേന്ദ്രങ്ങള്‍.


ബസ് തൊഴിലാളികളുടെ ബോണസ് തീരുമാനമായി

ജില്ലയിലെ ബസ് തൊഴിലാളികളുടെ 2023-24 വര്‍ഷത്തെ ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ജില്ലയിലെ ബസ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ വരുമാനത്തില്‍ 3500/-രൂപ പരിധി വെച്ച് ആയതിന്റെ ഒരു വര്‍ഷത്തെ 20 ശതമാനം ബോണസായി ഏപ്രില്‍ 10നകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാമെന്ന് ഉടമകള്‍ സമ്മതിച്ചു.

ചര്‍ച്ചയില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് രാജ്കുമാര്‍, കെ ഗംഗാധരന്‍, പി കെ പവിത്രന്‍, പി വി പത്മനാഭന്‍ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി ചന്ദ്രന്‍, എന്‍ മോഹനന്‍, താവം ബാലകൃഷ്ണന്‍, വി വി ശശീന്ദ്രന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, എല്‍ പ്രസാദ്, ജില്ലാ പ്രൈവറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് സി എച്ച് ലക്ഷ്മണന്‍, വി പത്മനാഭന്‍, വി വി പുരുഷോത്തമന്‍, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ 5, 6 തീയതികളില്‍

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷയോടനുബന്ധിച്ചുള്ള പ്രായോഗിക പരീക്ഷ  ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ നടത്തും.  യോഗ്യരായവര്‍ സംരക്ഷയില്‍ നിന്നും  ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം.  ഫോണ്‍:  0497 2999201.

ക്ഷേത്രകലാ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ ക്ഷേത്രകലാ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ചെണ്ട, ചുമര്‍ചിത്രം, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്‌സുകളിലാണ് പരിശീലനം. ഒരു കുട്ടിക്ക് ഒരേ സമയം ഒന്നിലധികം കോഴ്‌സുകള്‍ അനുവദനീയമല്ല. നിലവില്‍ പഠിക്കുന്ന പ്രാഥമിക കോഴ്‌സുകളിലെ കുട്ടികള്‍ തുടര്‍ പരിശീലനത്തിന് അപേക്ഷ നല്‍കണം. ക്ഷേത്രകലാ അക്കാദമിയുടെ www.kshethrakalaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ പാസ്‌പോര്‍ട്ട്  സൈസ്  ഫോട്ടോ സഹിതം ഏപ്രില്‍ 25നകം സെക്രട്ടറി ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, 670303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2986030

About The Author