ഇഡി അറസ്റ്റും കസ്റ്റഡിയും നിയമ വിരുദ്ധം; കെജ്‌രിവാളിന്റെ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമപരമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീംകോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയേക്കും. ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ തെളിവുണ്ടെന്നും അറസ്റ്റ് നിയമ വിരുദ്ധമല്ലെന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അരവിന്ദ് കെജ്‌രിവാളിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയില്‍ ഹാജരാകും. മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍.

About The Author