പൂക്കോട് വെറ്ററിനറി സർവകലാശാല വി സി രാജിവച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലര്‍ രാജിവച്ചു. ഡോ പി സി ശശീന്ദ്രനാണ് ചാന്‍സലാറ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. ജെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത ചില വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത നടപടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജിയെങ്കിലും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താന്‍ രാജി നല്‍കുന്നതെന്നാണ് ഡോ പി സി ശശീന്ദ്രന്റെ വിശദീകരണം. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വി സി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് പി സി ശശീന്ദ്രന് വി സിയുടെ ചുമതല നല്‍കിയിരുന്നത്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവത്തില്‍ വി സി വലിയ തോതില്‍ രാഷ്ട്രീയ സമ്മര്‍ദം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 33 വിദ്യാര്‍ത്ഥികളെയാണ് ഇന്ന് തിരിച്ചെടുത്തത്. സിദ്ധാര്‍ത്ഥനെ ഉപദ്രവിച്ച സംഭവത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പങ്കാളികളായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വകലാശാലയുടെ തീരുമാനം.

31 പേരെ കോളജില്‍നിന്ന് പുറത്താക്കുകയും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ 2 പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെയാണ് വിസി തിരിച്ചെടുത്തത്. വിസിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കുകയായിരുന്നു.

About The Author