നിർത്തിവച്ച യുവജനോത്സവം പൂർത്തീകരിക്കും; അന്വേഷണത്തിന് പുതിയ സമിതി

നിർത്തിവെച്ച കേരള സർവകലാശാല യുവജനോത്സവം പൂർത്തീകരിക്കുമെന്ന് സിൻഡിക്കേറ്റ് യോഗം. യുവജനോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും യൂണിയൻ്റെ കാലാവധി നീട്ടുന്നതിൽ സിൻഡിക്കേറ്റ് തീരുമാനമെടുക്കുക. കേരള സർവകലാശാല യുവജനോത്സവവുമായി ബന്ധപ്പെട്ട ഉണ്ടായ അനിഷ്ട സംഭവങ്ങൾ സർവകലാശാല സിൻഡിക്കേറ്റ് യോഗം വിലയിരുത്തി.

അതിൻറെ അടിസ്ഥാനത്തിലാണ് ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ് എന്നിവരടങ്ങുന്ന സമിതിയെ ഇതേക്കുറിച്ച് പരിശോധിക്കാൻ ചുമതലപ്പെടുത്തിയത്. ഒരാഴ്ചക്കുള്ളിൽ സമിതി റിപ്പോർട്ട് നൽകണം. യൂണിവേഴ്സിറ്റി യൂണിയൻ്റെ കലാവധി 2 മാസം കൂടി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച വിഷയം റിപ്പോർട്ട് ലഭിച്ച ശേഷമാകും സിൻഡിക്കേറ്റ് പരിഗണിക്കുക. യുവജനോത്സവം ഭാവിയിൽ പരിഷ്കരിക്കുന്നത് സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. സിൻഡിക്കേറ്റ് അംഗങ്ങളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങൾ ഉൾപ്പെടുന്നതാകും സമിതി. യുവജനോത്സവങ്ങളുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടാണ് തീരുമാനം.

About The Author