സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ എസ്എഫ്‌ഐഒ അന്വേഷണം; ഹര്‍ജി ഇന്ന് പരിഗണിക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എസ്എഫ്‌ഐഒ അന്വഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും.

എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇന്ന് മറുപടി നല്‍കിയേക്കും. ബുക് ഓഫ് അക്കൗണ്ട്‌സ് നല്‍കുന്ന കാര്യത്തില്‍ കെഎസ്‌ഐഡിസിയും വിശദീകരണം നല്‍കിയേക്കും.

എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നും ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിന് ഭയക്കണമെന്നും ഹൈക്കോടതി നേരത്തെ കെഎസ്‌ഐഡിസിയോട് ചോദിച്ചിരുന്നു. എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഏകപക്ഷീയമാണെന്നാണ് കെഎസ്‌ഐഡിസിയുടെ ആരോപണം.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്എഫ്‌ഐഒ നല്‍കിയ സമന്‍സ് ചോദ്യം ചെയ്താണ് കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.

About The Author