ബെംഗളൂരു കഫേ സ്‌ഫോടനം: പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. 10 ലക്ഷം രൂപ രൂപയാണ് പാരിതോഷികം. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചു.

മാർച്ച് നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ ഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും ഏജൻസി പുറത്തുവിട്ടു. മാർച്ച് ഒന്നിന് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ 10 പേർക്കാണ് പരിക്കേറ്റത്.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

About The Author