വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ മാറ്റിയത് 3197 പ്രചാരണ സാമഗ്രികള്‍

ലോക് സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍  മാര്‍ച്ച് 20ന് വൈകിട്ട് വരെ നീക്കം ചെയ്തത് 3197 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായും സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവയാണ് എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. പൊതുസ്ഥലത്തെ 3136 പ്രചാരണ സാമഗ്രികളും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 61 എണ്ണവുമാണ് മാറ്റിയത്. പൊതുസ്ഥലത്തെ 48 ചുവരെഴുത്തുകള്‍, 2351 പോസ്റ്ററുകള്‍, 492 ബാനറുകള്‍, 245 കൊടിത്തോരണങ്ങള്‍ എന്നിവ നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച രണ്ടു ചുവരെഴുത്തുകള്‍, 52 പോസ്റ്ററുകള്‍, ഏഴു ബാനറുകള്‍ എന്നിവയും നീക്കി. എംസിസി സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്.

തെരഞ്ഞെടുപ്പ്: വിദ്വേഷ പ്രചാരണങ്ങള്‍ പാടില്ല

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാതി-മത സ്പര്‍ദ വളര്‍ത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ രീതിയില്‍ പ്രചാരണം നടത്തരുത്.  അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണ്.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതും നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതുമായ പ്രചാരണങ്ങള്‍ ഒഴിവാക്കണം.
രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള വിമര്‍ശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുന്‍കാല പ്രവര്‍ത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. മറ്റു പാര്‍ട്ടികളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്. ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ട് സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ട് ചോദിക്കാന്‍ പാടില്ല.  ആരാധനാ സ്ഥലങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കുന്നതും പെരുമാറ്റച്ചട്ടലംഘനമാണ്.

വോട്ടര്‍മാരെ സഹായിക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്

വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പാക്കണോ? വിവരങ്ങള്‍ കൈയ്യിലെ മൊബൈല്‍ ഫോണില്‍ തന്നെ ലഭിക്കും.വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് മതി. പട്ടികയില്‍ പേര് പരിശോധിക്കുക, പേര് രജിസ്റ്റര്‍ ചെയ്യുക, തിരുത്തല്‍ വരുത്തുക എന്നിവ ആപ്പിലൂടെ സാധിക്കും. ഇതിന് പുറമെ വോട്ടറുടെ ബൂത്ത് മാറ്റുന്നതിനും പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷ സമര്‍പ്പിക്കാനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും ആപ്പിലൂടെ കഴിയും. ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ്, സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തെരഞ്ഞെടുപ്പ് ഫലം, നിലവില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം എന്നിവയാണ് ആപ്പിലുള്ള മറ്റ് സേവനങ്ങള്‍. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About The Author