വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മനുഷ്യ-വന്യജീവി സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് വടക്കന്‍ ജില്ലകള്‍ക്കായി കണ്ണൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് അത്യാഹിതങ്ങളോ, നാശനഷ്ടങ്ങളോ സംഭവിച്ചാല്‍ വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കാം. ഫോണ്‍: 0497 3599906 (രാവിലെ 10.15 മുതല്‍വൈകിട്ട് 5.15 വരെ), 8547602529(വൈകിട്ട് 5.15 മുതല്‍ രാവിലെ 10.15 വരെ)

തപാല്‍ അദാലത്ത് 27ന്

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ നോര്‍ത്തേണ്‍ റീജിയണല്‍ തപാല്‍ അദാലത്ത് മാര്‍ച്ച് 27ന് രാവിലെ 11.30ന് കോഴിക്കോട് നടക്കാവ്, നോര്‍ത്തേണ്‍ റീജിയണ്‍, പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ലെറ്റര്‍ പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാഴ്സല്‍സ്, സേവിങ്ങ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ സംബന്ധമായ പ്രശ്നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ തപാല്‍ മാര്‍ഗവും അയക്കാം. പി പി ജലജ, അസി. ഡയറക്ടര്‍(മെയില്‍സ് ആന്റ് ബിഡി), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട്-673011 എന്ന വിലാസത്തില്‍ മാര്‍ച്ച് 20ന് മുമ്പ് ലഭിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം

ലാപ്ടോപ് വിതരണം; തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് മാര്‍ച്ച് 30 വരെ നീട്ടി.  2023 – 24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളില്‍ ലഭിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാര്‍ച്ച് 30 വരെ കുടിശ്ശിക ഒടുക്കാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 16ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് മാര്‍ച്ച് 16ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

സുരക്ഷാ പ്രൊജക്ടില്‍ മാനേജര്‍

കേരള സ്റ്റേറ്റ്  എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ജില്ലയില്‍ ഹെല്‍ത്ത് ലൈന്‍ നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയില്‍ പ്രൊജക്ട്  മാനേജരുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എ ആന്ത്രപ്പോളജി യോഗ്യതയുള്ള ബന്ധപ്പെട്ട മേഖലയില്‍ മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 26ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനു സമീപമുള്ള ഹെല്‍ത്ത് ലൈന്‍ പ്രോജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 9746718788, 9446679718.

അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ വേനലവധിക്കാലത്ത്  സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്തുന്ന അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ബാലനീതി നിയമ പ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക്  സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് അപേക്ഷിക്കാം. കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി അപേക്ഷ നല്‍കണം. മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്കും അവസരം ഒരുക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാം നില, റൂം നമ്പര്‍-എസ് 6, തലശ്ശേരി-670104 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0490 2967199, 9446405546

ഇ ഇ പി മെഡിക്കല്‍/എഞ്ചിനീയറിങ് വിഭാഗം
അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി  എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം – മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ വിഭാഗം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in  എന്നീ വെബ്ബ് സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും ലഭിക്കും.  ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. ആനുകൂല്യത്തിന് പരിഗണിക്കപ്പെടുന്നവര്‍ക്ക് മാര്‍ച്ച് 31 നകം അവരവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തുക വിതരണം ചെയ്യുന്നതാണ്.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ ആയുര്‍വേദ കോളേജസ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ-ഫസ്റ്റ്-എന്‍ സി എ-മുസ്ലീം-468/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ജനുവരി 25ന് പ്രസിദ്ധീകരിച്ച 97/2024/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍  ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

മെഗാ ജോബ് ഫെയര്‍

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23ന് മെഗാ ജോബ് ഫെയര്‍ സ്ട്രൈഡ് 2024 കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്നു. വിവിധ മേഖലകളില്‍ 50ലധികം തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. 18നും 50നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ ഹാജരാകണം. ഫോണ്‍: 9447752375.

ടീച്ചേഴ്സ് ട്രെയിനിങ്,   അക്കൗണ്ടിംഗ്  കോഴ്‌സുകൾ

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252, 9072592458.

കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സെപ്ഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0460 2205474, 8589815706.

ലേലം

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മൂന്നാംപീടിക കാണിമുത്ത് റോഡില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള അലസിമരം മാര്‍ച്ച് 21ന് പകല്‍ 11.45ന് ലേലം ചെയ്യും.

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്രധാന കെട്ടിട ബ്ലോക്കിലെ 301 റൂമിനു മുകളില്‍ ലീക്ക് പ്രൂഫിങ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

About The Author