വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിതരണോദ്ഘാടനം ഏഴിന്
കൂടാളിയിലെ എല്ലാ ക്ലാസ്സ് മുറികളിലും ചെസ്സ് ബോര്‍ഡെത്തുംകൂടാളി പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ചെസ്സ് പഠിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി മുഴുവന്‍ ക്ലാസുകളിലും ചെസ്സ് ബോര്‍ഡ് ലഭ്യമാക്കും. വിതരണോദ്ഘാടനം മാര്‍ച്ച് ഏഴിന് വ്യാഴാഴ്ച ഉച്ചക്ക് 2.30ന് രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൂടാളി യുപി സ്‌കൂളില്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ അധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ 15 സ്‌കൂളുകളില്‍ എല്‍ പി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള 206 ക്ലാസ് മുറികളിലും ചെസ്സ് ബോര്‍ഡ് നല്‍കും. ലഹരിക്കെതിരെ ചെസ്സ് എന്ന സന്ദേശം ഉയര്‍ത്തിയാണ് പഞ്ചായത്തിലെ 6880 വിദ്യാര്‍ഥികളെയും ശാസ്ത്രീയമായി ചെസ്സ് പഠിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിശീലനം. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചെസ്സിന്റെ ശാസ്ത്രീയ രീതിയില്‍ പഠിപ്പിക്കുന്ന ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഈ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് മറ്റ് കുട്ടികളെ പഠിപ്പിക്കുക. ആഗസ്റ്റ് മാസം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മെഗാ ചെസ്സ് മല്‍സരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തും. പഞ്ചായത്തിലെ 70 വയസ്സിന് താഴെയുള്ള മുഴുവനാളുകളെയും ചെസ്സ് പഠിപ്പിക്കാനുള്ള പദ്ധതിയും പഞ്ചായത്തിനുണ്ട്. ക്ലബ്ബുകള്‍, വായനശാലകള്‍, മറ്റ് സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് അത് നടപ്പാക്കുക.

നാടന്‍ പാട്ട് മത്സരം: ചെക്കിക്കുളം കൃഷ്ണപിള്ള വായനശാലക്ക് ഒന്നാംസ്ഥാനം

യൂത്ത്, യുവ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മൊറാഴ ഗ്രാമീണ വായനശാല പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി,  ആന്തൂര്‍ നഗരസഭ കോ ഓര്‍ഡിനേറ്റര്‍ പ്രജീഷ് ബാബു എന്നിവർ സംസാരിച്ചു.
ആറ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ചെക്കിക്കുളം കൃഷ്ണപ്പിളള സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഒന്നാം സ്ഥാനവും ആംസ്റ്റക്ക് ആര്‍ട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും സഫ്ദര്‍ഹാശ്മി സ്മാരക വായനശാല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം സമ്മാനത്തുകയും  ഉപഹാരവും നല്‍കി.

യുവജന കമ്മീഷന്‍ തൊഴില്‍ മേള ഒമ്പതിന്

കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിത കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കരിയര്‍ എക്സ്പോ 2024′ എന്ന മേളയില്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന  എക്സ്പോയില്‍ ആയിരത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും യുവജന കമ്മീഷന്‍ വെബ്സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്കിലെ സോമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.inലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 23ന് വൈകിട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ്ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിംഗ് മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും. പരാതി സമര്‍പ്പിച്ചവര്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് ഹുസൂര്‍ ശിരസ്തദാര്‍ അറിയിച്ചു. ഫോണ്‍: 04972700645

ഭരണാനുമതി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ എംപിലാഡ് ഫണ്ടില്‍ നിന്ന് പട്ടുവം ഗ്രാമപഞ്ചായത്തിലെ മുള്ളൂല്‍ എസ് സി കോളനി ഹൈസ്‌കൂള്‍ റോഡിൽ  മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ മൂന്നുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ എംപിലാഡ് ഫണ്ടില്‍ നിന്ന് മാട്ടൂല്‍ പഞ്ചായത്തിലെ ലിറ്റില്‍ ഫ്ളവര്‍ യു പി സ്‌കൂളിന് ബസ് വാങ്ങാന്‍ 26.9 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുരാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍ വാര്‍ഡ് ആറിലുള്ള  ഭിന്നശേഷിക്കാരനും എരമം കുറ്റൂര്‍  ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറിലെ ഭിന്നശേഷിക്കാരനും മുച്ചക്ര സ്‌കൂട്ടറിനും എരമം കുറ്റൂര്‍  ഗ്രാമപഞ്ചായത്ത്  വാര്‍ഡ് ആറിലെ   ഭിന്നശേഷിക്കാരന് കൃത്രിമകാല്‍ നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മുച്ചക്ര  സ്‌കൂട്ടര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒ യില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് 11ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന്‍ വഴി പാനൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് രാവിലെ 11 മണിക്ക് പാനൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 0490 2318565.

നാഷണല്‍ ആയുഷ് മിഷന്‍ വഴി മുഴപ്പിലങ്ങാട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 0497 2833223

നാഷണല്‍ ആയുഷ് മിഷന്‍ വഴി  കല്യാശ്ശേരി ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 13ന് രാവിലെ10.30 ന്  കല്യാശ്ശേരി ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 0497 2965056 , 9496361707

വസ്തു നികുതി സ്വീകരിക്കും

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുഴാതി സോണല്‍ പരിധിയില്‍ മാര്‍ച്ച് 11 മുതല്‍ 19 വരെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെ വസ്തുനികുതി സ്വീകരിക്കാന്‍ ക്യാമ്പ് നടത്തും.

About The Author