വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാതല എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതി രൂപീകരിച്ചു

എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതി രൂപീകരിച്ചു. ജില്ലാ വികസന കമ്മീഷണര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രവര്‍ത്തനം നടത്തുക. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ അവബോധം ഉണ്ടാക്കും. എച്ച്‌ഐവി ബാധിതര്‍ സമൂഹത്തില്‍ അവഗണന നേരിട്ടാല്‍ സമിതിയെ അറിയിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവിധ വകുപ്പുകള്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എച്ച്‌ഐവി പരിശോധന വര്‍ധിപ്പിക്കും. രോഗബാധിതര്‍ക്കുള്ള ചികിത്സയും പരിചരണവും കൃത്യമായി ലഭ്യമാക്കും. ചികിത്സ തേടാന്‍ മടിക്കുന്നവരെ ബോധവല്‍കരിച്ച് ചികിത്സ ലഭ്യമാക്കും. ജില്ലയിലെ വിവിധ ആശുപത്രികളില്‍ എച്ച്‌ഐവി ചികിത്സ ലഭ്യമാണ്. ജില്ലാ വികസന കമ്മീഷണറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ് ജില്ലയിലെ പ്രവര്‍ത്തനം വിശദീകരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ശനിയാഴ്ചത്തെ പരിപാടികള്‍

രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മാര്‍ച്ച് രണ്ടിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30ന് താവക്കര യുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം, 11 മണി ഡിഡിസി മീറ്റിങ്ങ് ഡിപിസി ഹാള്‍, ഉച്ചക്ക് 12.30ന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഉച്ചക്ക് രണ്ട് മണി ഇരിക്കൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മടമ്പം, വൈകിട്ട് 3.30  ന് സമാജ് വാദി കോളനി സമഗ്രപദ്ധതി ആലോചനാ യോഗം തോട്ടട, അഞ്ച് മണി ഏച്ചൂര്‍, 6.30ന്  മഞ്ചപ്പാലം, 7.30ന് കിഴുന്ന സൗത്ത് യു പി സ്‌കൂള്‍ വാര്‍ഷികം എന്നിവിടങ്ങളിലാണ് പരിപാടികള്‍.

 മന്ത്രി  കെ എന്‍ ബാലഗോപാല്‍ ശനിയാഴ്ച ജില്ലയില്‍

ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മാര്‍ച്ച് രണ്ടിന് ശനിയാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് കണ്ണാടിപ്പറമ്പ് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, 10.30ന് ചെറുകുന്ന് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, 11 മണി ദിനേശ് ഓഡിറ്റോറിയം, 12 മണി കണ്ണൂര്‍ ടൗണ്‍, ഉച്ചക്ക് രണ്ട് മണി ചാലോട് കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം, മൂന്ന് മണി മാലൂര്‍ കെസ്എഫ്ഇ ബ്രാഞ്ച് ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍.

ലോകസഭാ തെരഞ്ഞെടുപ്പ്: വിവരങ്ങള്‍ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍
നിയമ വിരുദ്ധം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പിവിസി ഫ്രീ- റീ സൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ക്യൂ ആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും പ്രിന്റ് ചെയ്തിരിക്കണം. ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമ വിരുദ്ധമായതിനാല്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പ്രിന്റ് ചെയ്യാനുളള മെറ്റീരിയല്‍ വില്‍ക്കുന്ന കടകള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നവയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ക്യൂ ആര്‍ കോഡ് രൂപത്തില്‍ പ്രിന്റ് ചെയ്തിരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോര്‍ഡുകളില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ കൂടി രേഖപ്പെടുത്തണം. പേപ്പര്‍, കോട്ടണ്‍, പോളിഎത്തിലിന്‍ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റര്‍മാര്‍ ഉറപ്പുവരുത്തണം. അനുവദനീയ വസ്തുക്കളില്‍ മാത്രമാണ് പ്രിന്റിങ്ങ് നടത്തുന്നതെന്നും ഉപയോഗശേഷം ബോര്‍ഡുകള്‍ തിരിച്ച് സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നുമുള്ള ബോര്‍ഡ് ഓരോ പ്രിന്റിങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിക്കണം. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനയില്‍  ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍  ആദ്യ ഘട്ടത്തില്‍ പതിനായിരം രൂപ പിഴ ചുമത്തും.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: നോര്‍ക്കയുടെ റൂട്ട്സ് ക്യാമ്പ് ഏഴിന് കണ്ണൂരില്‍

നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മാര്‍ച്ച് ഏഴിന് കണ്ണൂര്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍   രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്, സപ്ലി ഉള്‍പ്പെടെ) അസ്സലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എം ഇ എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സിലൂടെ ലഭിക്കും. ഫോണ്‍: 0497 2765310, 8281004913, 0495 2304882, 2304885 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

പദ്ധതി ഉദ്ഘാടനം അഞ്ചിന്
ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ റെയ്ഡ്‌കോ

കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതിയുമായി റെയ്ഡ്‌കോ. വിപണി വിപുലീകരിക്കുകയും മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും . പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണിക്ക് മാവിലായി കറി പൗഡര്‍ ഫാക്ടറി അങ്കണത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. മുന്‍ എംഎല്‍എ എം വി ജയരാജന്‍ അധ്യക്ഷത വഹിക്കും. റെയ്ഡ്‌കോ ചെയര്‍മാന്‍ എം സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പിന്നീട് ജില്ല മുഴുവനും സംസ്ഥാനതലത്തിലും വ്യാപിപ്പിക്കും.
ചാലോട് ഇരിക്കൂര്‍ റോഡില്‍  റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന് വൈകിട്ട് 3.30ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലിനിക്കുകളുടെ സേവനവും മരുന്നുകളും ഇവിടെ ലഭ്യമാക്കും.
കണ്ണോത്തുംചാല്‍ യൂണിറ്റില്‍ പുതുതായി ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മേയര്‍ മുസ്‌ലിഹ് മഠത്തില്‍ മുഖ്യാതിഥിയാകും.
റെയ്ഡ്‌കോ ഫെസിലിറ്റി സെന്റര്‍, കാര്‍ഷിക – ഭൂവികസന യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനം, റിപ്പയറിംഗ്, മെയിന്റനന്‍സ് വിപണനം, നഴ്സറി ഇനങ്ങള്‍, പ്രസിഷന്‍ ഫാമിംഗ്, ഹൈട്ടെക്ക് കൃഷി സംവിധാനങ്ങള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, നാട്ടില്‍ ലഭ്യമാകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം, വിത്തുകള്‍, ജൈവ വളം, ജൈവ കീടനാശിനി, വിവിധ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം, വില്‍പന, സ്ഥാപിച്ചു നല്‍കല്‍, വെല്‍ഡിംഗ് പ്രവൃത്തികള്‍ തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യം.
വാര്‍ത്താ സമ്മേളനത്തില്‍ റെയ്ഡ്‌കോ സിഇഒ വി രതീശന്‍, മാനേജര്‍ എം പി മനോജ്, മാവിലായി ഫാക്ടറി മാനേജര്‍ എം കെ രാഹേഷ് എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാദിനം: സ്വയംപ്രതിരോധ പരിശീലന പരിപാടി

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.
മാര്‍ച്ച് രണ്ടിന് കണ്ണൂര്‍ ഗവ.ഐ ടി ഐ, തോട്ടട എസ് എന്‍ കോളേജ്, മൂന്നിന് കണ്ണൂര്‍ പൊലീസ് സഭ ഹാള്‍, എ ആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ നാല് ബാച്ചുകളിലായാണ് പരിശീലനം. ജ്വാല 2.0 എന്ന പേരില്‍ കേരളത്തിലെ 20 പോലീസ് ജില്ലകളിലും പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9497926866, 9947868737.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194


നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ്

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നിവയില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപ്പന്റും ലഭിക്കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നവകേരളം കര്‍മപദ്ധതിയുടെ വെബ്‌സൈറ്റായ www.careers.haritham.kerala.gov.in മുഖേന മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പ്രായപരിധി 27 വയസ്.

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ലേബര്‍ ബാങ്കില്‍ നിര്‍മിച്ച ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്ലിക്കേഷനോടനുബന്ധിച്ച് ഐഒഎസ്  വേര്‍ഷന്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കുന്നതിനായി അംഗീകൃത ഐ ടി സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  മാര്‍ച്ച് 12ന് വൈകിട്ട് മൂന്ന് മണി വരെ മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ താല്‍പര്യപത്രം സ്വീകരിക്കും.

സെമിനാറില്‍ പങ്കെടുക്കണം

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍ ജില്ലയില്‍ നിന്നുളള വഖഫ് മുതവല്ലിമാരും കമ്മറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് ആറിന് രാവിലെ ഒമ്പത് മണിക്ക് നിയമസഭാസമുച്ചയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സിറ്റിങ് മാറ്റി

ജില്ലാ വ്യവസായ കേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യയും(ഐസിഎഐ) സംയുക്തമായി നടത്തുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന സിറ്റിങ് മാറ്റിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 04972700928, 9645424372

About The Author