ലോക്സഭാ തെരഞ്ഞെടുപ്പ്; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി മുൻ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റു. കമ്മീഷണർമാർ ചുമതലയേറ്റതോടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ ഒരുങ്ങി ഇലക്ഷൻ കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ദില്ലിയിൽ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രേ മോദി അധ്യക്ഷനും കേദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിർ രജ്‌ഞൻ ചൗധരി എന്നിവർ അംഗങ്ങളായ സമിതിയാണ് ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണർമാരായി തിരഞ്ഞെടുത്തത്.

കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും ഉത്തരാഖണ്ഡ് കേഡർ ഐ എസ് ഉദ്യോഗസ്ഥനായ സുഖ്ബീർ സിംഗ് സന്ധുവും ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റു. അയോധ്യാ കേസിലും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഘട്ടത്തിലും ഏകീകൃത സിവില്‍കോഡ് അടക്കം ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ മേല്‍നോട്ടം വഹിച്ചതിനുളള പ്രത്യുപകാരം കൂടിയാണ് മുൻ ഐ എസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന പുതിയ ചുമതല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സെലക്ഷന്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമനിര്‍മ്മാണം നടത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരായ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് തിടുക്കപെട്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നടപടി ബിജെപിയുടെ നോമിനികളെ തിരികെ കയറ്റാനാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ നിയമനങ്ങള്‍. അതേ സമയം പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു.

About The Author